മോസ്‌കോ: അടുത്ത വര്‍ഷം ഇന്ത്യയില്‍ റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5ന്റെ 300 ദശലക്ഷം ഡോസ് നിര്‍മ്മിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) മേധാവി കിറില്‍ ദിമിട്രീവ്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിനുകളുടെ ആദ്യ സാമ്പിളുകള്‍ റഷ്യ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറികളിലാണ് ഇപ്പോള്‍ സ്പുട്‌നിക് വി വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത്. നേരത്തെ ഇന്ത്യയിലടക്കം വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ വ്യക്തമാക്കിയിരുന്നു.
ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഓഗസ്റ്റിലാണ് റഷ്യ പ്രഖ്യാപിക്കുന്നത്. വലിയ അളവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇടക്കാല പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു.
കോവിഡ് വാകസിന്‍ നിര്‍മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക്ക് എന്നിവയും മോഡേണയും തങ്ങളുടെ വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, റഷ്യ നടത്തുന്ന പരീക്ഷണങ്ങളില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വാക്സിന്‍ പരീക്ഷണം വിജയകരമാണെന്ന് വ്യക്തമാക്കുന്ന കമ്പനികളെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയിലും തൊഴിലവസരങ്ങളിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലും ജനജീവിതത്തിലും പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണിത്.

