ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേറ്റു

തൃശൂർ: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേറ്റു. പാലക്കാട് സ്വദേശി അശോകൻ (42) ആണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ പരിക്കുകൾ ഗുരുതരമാണ്.

കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാർട്ട്മെന്റിൽ എട്ടാംനിലയിലാണ് അശോകൻ താമസിക്കുന്നത്. താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റ് ഏഴാം നില കഴിഞ്ഞപ്പോൾ കേടാകുകയായിരുന്നു. വിവരമറിഞ്ഞ് ലിഫിറ്റിന്റെ വാതിൽ പുറമേ നിന്നും ഫ്ലാറ്റിലെ താമസക്കാർ താക്കോലിട്ടു തുറന്നു കൊടുത്തു. വാതിൽ പകുതി തുറന്ന് ഏഴാം നിലയിലേക്കു പിടിച്ചു കയറുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു.

തറനിരപ്പിൽ നിന്നു എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിനുള്ളിലേക്കായിരുന്നു വീഴ്ച. മറ്റുള്ളവർ കോണി വച്ച് ഇറങ്ങി അശോകനെ മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അഗ്നിശമന സേനാംഗങ്ങൾ എത്തി ലിഫ്റ്റ് വെല്ലിൽ ഇറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകർന്ന നിലയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →