ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. നിയോജകമണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്ന് കമല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് നടത്തുന്ന യാത്രയിൽ തെക്കന്‍ തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ. രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും കമല്‍ പറഞ്ഞു.
2021 ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഒന്നിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും കമല്‍ പറഞ്ഞു. രജനി തന്റെ എതിരാളിയല്ലെന്നും തങ്ങളെ തമ്മിലടിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് എന്നുമായിരുന്നു കമല്‍ ഹാസൻ്റെ പ്രതികരണം. മക്കള്‍ നീതി മയ്യത്തിന്റെ പ്രധാന ലക്ഷ്യം അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് . തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും കമല്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമല്‍ മത്സരിച്ചിരുന്നില്ല.

