ന്യൂഡല്‍ഹി: എയിംസില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നൽകി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
എയിംസ് അധികൃതര്‍ക്ക് ആശുപത്രിയിലെ സേവനങ്ങള്‍ തടസമില്ലാതെ പോകുന്നതിന് നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 14-12-2020 തിങ്കളാഴ്ച മുതലാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം .
ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന എയിംസ് ഡയറക്‌ടറുടെ ആവശ്യം സമരക്കാര്‍ തള്ളി.തങ്ങളുടെ ആവശ്യങ്ങൾ
ഒരു മാസം മുമ്പ് മാനേജ്മെന്റിനോട് നിവേദനത്തിലൂടെ അറിയിച്ചുവെങ്കിലും പരിഗണിച്ചില്ല. ഇതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

