പറവൂർ : നായയെ ഓടുന്ന കാറിൽ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോയ കാറിൻറെ ഡ്രൈവർ അറസ്റ്റിലായി. കുന്നുകര സ്വദേശി യൂസഫിനെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കുന്നതിനായി കാറിൽ കയറ്റാൻ ശ്രമിച്ചു, കയറാതിരുന്നപ്പോൾ കാറിന് പിന്നിൽ കെട്ടിയിട്ടു എന്ന് യൂസഫ് പോലീസിന് മൊഴി നൽകി. സ്റ്റേഷൻ ജാമ്യത്തിൽ യൂസഫിനെ വിട്ടയക്കും.
11 -12 – 2020 വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ക്രൂരകൃത്യം നടന്നത്. 30 കിലോമീറ്റർ വേഗതയുള്ള കാറിന് പിന്നിൽ കെട്ടിയിട്ടാണ് യൂസഫ് നായയെ കൊണ്ടുപോയത്. ഏകദേശം 600 മീറ്ററോളം കെട്ടി വലിച്ചു കൊണ്ടുപോയി എന്നാണ് ദൃക്സാക്ഷിയായ അഖിൽ പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഖിൽ ഈ ക്രൂരത ദൃശ്യം ആദ്യം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തി. ഇതോടെ വിവാദമായ സംഭവത്തിന് ഉത്തരവാദിയായ കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്ത് പോലീസിന് കൈമാറി.
അഖിൽ മൃഗസംരക്ഷണ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. കാർ ഡ്രൈവർ കയറൂരി വിട്ടപ്പോൾ വിരണ്ടോടിയ നായയെ കണ്ടെത്തി. സാരമായ പരിക്ക് നായക്കേറ്റിട്ടുണ്ട് എന്നാണ് അഖിൽ പറയുന്നത് .

