തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ആ ഉന്നതന്‍ ഭഗവാന്റെ പേരുള്ളയാളാണെന്ന് തിങ്കളാഴ്ച(07/12/2020) പകൽ പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാത്രിയിലെ ഒരു ചാനൽ ചർച്ചയിൽ കൂടുതൽ വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറി.
ഇന്ത്യയിൽ മിക്കവാറും എല്ലാവരുടെ പേരും ദൈവത്തിന്റെതാണല്ലോ എന്ന് തമാശ രൂപത്തിൽ പറഞ്ഞു പോയ സുരേന്ദ്രൻ , ഗ്രീൻ ചാനലുള്ള ദൈവത്തിന്റെ പേരുകാരായ എത്ര ഉന്നതരുണ്ട് എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്നും പറഞ്ഞു വച്ചു.
നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.

