ചെണ്ടചിഹ്നക്കാരെ കേരളാ കോണ്‍ഗ്രസ്(എം) ജോലസഫ് വിഭഗമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാര്‍ട്ടിയിലെ ചുമതലപ്പെട്ടവര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, റിട്ടേണിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാരും ഇതിനനുസൃതമായി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്ത്താക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ തെരഞ്ഞെടെുപ്പില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിസ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സ്വതന്ത്രരായി രേഖപ്പെടുത്തിയതിനെതിരെ പിജെ ജോസഫ് , പാല നഗരസഭയിലേക്ക് മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിസി കുര്യാക്കോസ് പടവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്

രണ്ടില ചിഹ്നം ജോസ് കെ മാണി ഗ്രൂപ്പിനനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നിലവിലുളളതായി ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമുണ്ടായി . ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ജോസഫോ ചുമതല പ്പെടുത്തുന്നവരോ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.

എന്നാല്‍ വെബ് സൈറ്റില്‍ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് ചെണ്ടയുടെ സ്ഥാനം ഔദ്യോഗിക പാര്‍ട്ടി കത്തിന്‍റെ അടിസ്ഥാനത്തില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രര്‍ എന്നാണുളളത്. ഇത് റദ്ദാക്കണമെന്നും പാര്‍ട്ടി ബന്ധം രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നുമടക്കമുളള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജി തീര്‍പ്പാക്കുംവരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്നവരെ കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗക്കാരായി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.

Share
അഭിപ്രായം എഴുതാം