പാകിസ്താന് ഭീകരനും ലഷ്കര്‍-ഇ-ത്വയ്യിബ നേതാവുമായ ഹാഫീസ് മുഹമ്മദ് സയീദിന് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ടിങിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പാകിസ്ഥാന്. നവംബര്‍ മാസത്തിലാണ് ഇതുസംബന്ധിച്ച പാക് കോടതി ഉത്തരവുണ്ടായത്. മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. അതേസമയം പാക് നടപടി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയില്‍ ഉള്പ്പെടാതിരിക്കാനാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനത്തിന് പണമെത്തുന്നത് തടയാന്‍ പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളസംഘടന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാകിസ്താന് മാസങ്ങള്‍ക്കുമുമ്പ് ഉഗ്രശാസന നല്‍കിയിരുന്നു. ഭീകരര്‍ക്കെതിരേ നടപടിയെടുക്കാത്തതിന് പാകിസ്താനെ ഗ്രേ പട്ടികയിലും ഉള്‍പ്പെടുത്തി. ഇനിയും നടപടികളെടുത്തില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാക് നടപടികളെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ മുഖം രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് സയീദിനെ പാകിസ്ഥാന് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ ചെയ്യുന്നതും. ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പാക്കിസ്ഥാന്റെ കണക്കില്‍ ഒരു മതപണ്ഡിതനാണ് ഹാഫിസ് സയീദ്. അതിനാലാണ് പല കേസുകളിലായി പല തവണ അറസ്റ്റിലായിട്ടും ഇയാള്‍ പാകിസ്ഥാനില്‍ സുഖമായി ഇത്രയും കാലം കഴിഞ്ഞത്. ഇത്തവണ രാജ്യാന്തര സമ്മര്‍ദമാണ് പാക്കിസ്ഥാനെ കൊണ്ട് സയീദിനെ അറസ്റ്റ് ചെയ്യിപ്പിച്ചതും ശിക്ഷയിലേക്ക് എത്തിച്ചതും. സയീദിനെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പാകിസ്ഥാന് അറസ്റ്റ് ചെയ്തത്. ലാഹോറിലെ അതിസുരക്ഷാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തലയ്ക്ക് കോടികള്‍ വിലയുള്ള ജമാത്ത് ഉദ്ദവ നേതാവ്
കശ്മീരി ഗുജ്ജാര്‍ പശ്ചാത്തലത്തില്‍ ജനിച്ച ഹഫീസ് സയീദ് വിഭജനത്തിന് മുമ്പ് സിംലയിലായിരുന്നു താമസിച്ചത്. 1947ന് ശേഷം അദ്ദേഹം വളര്‍ന്നത് സര്‍ഗോദയിലാണ്. സയീദിന്റെ പിതാവ് മൗലാന കമാലുദ്ദീന് ഒരു മതപണ്ഡിതനായിരുന്നു, അതുപോലെ തന്നെ അദ്ദേഹത്തിന്റെ അമ്മാവന് മൗലാന ഹാഫിസ് അബ്ദുല്ലയും മതപണ്ഡിതനായിരുന്നു. തീവ്രവാദ സംഘടനയായ എല്‍.ഇ.ടി സ്ഥാപിക്കാന്‍ സഹായിച്ച വ്യക്തിയാണ് അബ്ദുല്ല..”മതം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റാനുള്ള ഒരു ഏജന്റായി വര്‍ത്തിക്കുന്നു, അതാണ് സയീദിന്റെ ജീവിതത്തിലും സംഭവിച്ചതെന്നാണ് ഖാലിദ് അഹമ്മദെന്ന ജേണലിസ്റ്റ് അദ്ദേഹത്തെ കുറിച്ച് എഴുതിയത്. 1974ല്‍ ബിരുദാനന്തര ബിരുദാനന്തരം ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (യുഇടി) ലക്ചററായി ഇസ്ലാമിയറ്റ് വിഭാഗത്തില്‍ സയീദ് നിയമിതനായി. ഇവിടെ നിന്ന് ഉന്നത പഠനത്തിനായി സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം 1979ല്‍ കുപ്രസിദ്ധ സൗദി പണ്ഡിതനായ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസുമായി അടുപ്പത്തിലായി. ഈ ഘട്ടത്തില്‍ അദ്ദേഹം നിരവധി തവണ ഒസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തി. ഇതാണ് ഇന്നത്തെ സയീദിലേക്കുള്ള വഴിത്തിരിവായത്.
നിലവില്‍ ഭീകര സംഘടനകളായ ലഷ്കറെ തോയ്ബ, ജമാത്ത് ഉദ്ദവ എന്നിവയുടെ സ്ഥാപകനാണ് ഹാഫിസ് സയീദ്.ഇന്ത്യയും അമേരിക്കയും ഒരുപോലെ തേടിക്കൊണ്ടിരിക്കുന്ന കൊടും ഭീകരന് കൂടിയാണ് ഇയാള്‍. 2012ല്‍ അമേരിക്ക ഹഫീസ് സയീദിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള സമ്മാനം, ഒരു കോടി ഡോളറാണ്. അതായത്, ഏകദേശം 65 കോടി രൂപ. എന്നിട്ടും, ഇന്ന് അറസ്റ്റിലാവും വരെ പാകിസ്ഥാന്റെ മണ്ണില്‍ സയീദ് സസുഖം വാഴുകയായിരുന്നു. സയീദിന്റെ നേതൃത്വത്തില്‍ 1990 ല്‍ സ്ഥാപിച്ചതാണ് ‘ലഷ്കര്‍-എ-തയിബ’ എന്ന തീവ്രവാദസംഘടന. 1994ല്‍ അമേരിക്ക സന്ദര്‍ശിച്ച് ഹൂസ്റ്റണിലെയും മറ്റും പള്ളികളില്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് സയീദ്. ഇസ്ലാമിക് ഹിസ്റ്ററിയിലും, അറബിയിലും രണ്ടു മാസ്റ്റര്‍ ബിരുദങ്ങള്‍ സ്വന്തമായുള്ള ഹഫീസ് സയീദ് മുഴുവന്‍ സമയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയും മുമ്പ് ഒരു എഞ്ചിനീയറിങ്ങ് കോളേജില്‍ അറബിഭാഷാധ്യാപകനായിരുന്നു. ലഷ്കര്‍ എ തയിബ 2002 ല്‍ അത് പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ടപ്പോള്‍, സയീദ് സ്ഥാപകര്‍ പോലും വിസ്മരിച്ചിരുന്ന മറ്റൊരു സംഘടന പൊടിതട്ടിയെടുത്തു, അതിന്റെ പേരിലായി പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനം. അതിന്റെ പേരാണ് ജമായത്ത്-ഉദ്-ദാവാ.
അറസ്റ്റിലേക്ക് നയിച്ചത്?
പാക് പഞ്ചാബ് പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന ആരോപണങ്ങളില്‍ ഹാഫിസ് സയീദിന്റെയും സഹായികളുടെയും പേരില്‍ പോലീസ് 23 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. അല്‍ അന്‍ഫാല്‍ ട്രസ്റ്റ്, ദവാതുല്‍ ഇര്‍ഷാദ് ട്രസ്റ്റ്, മൗസ് ബിന്‍ ജബാല്‍ ട്രസ്റ്റ് തുടങ്ങിയവയിലൂടെയും സന്നദ്ധസംഘടനകളുടെ പേരിലും ലഹോര്‍, ഗുജ്രന്‍വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലായി ഫണ്ട് സ്വരൂപിച്ച് കൈമാറിയതായാണ് കേസുകള്‍. ജമാ അത്തുദ്ദവയ്ക്കും ലഷ്കറെ തൊയ്ബയ്ക്കും യു.എന്‍. ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പാകിസ്താന് നടപടി ശക്തമാക്കിയത്. 2008ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്തുദ്ദവയാണ്. ലഷ്കറെ തൊയ്ബയുടെ കീഴിലാണ് ജമാ അത്തുദ്ദവ പ്രവര്‍ത്തിക്കുന്നത്. ആറ് യു.എസ്. പൗരന്മാര് ഉള്‍പ്പെടെ 166 പേരാണ് മുംബൈയില്‍ കൊല്ലപ്പെട്ടത്. 2012-ലാണ് യു.എസ്. സയീദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്.

