കൊച്ചി: മറൈന്‍ ഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവം സംശയാസ്പദമെന്ന് പോലീസ്.
തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) എന്ന സ്ത്രീയാണ് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റത്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റിലാണ് സംഭവം. 5-12-2020 ശനിയാഴ്ച രാവിലെ എട്ടിന് നടന്ന അപകടത്തിനു ശേഷം വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവർ ആത്മഹത്യാ ശ്രമം നടത്തിയതല്ലെന്നും ഫ്ലാറ്റില്‍ നിന്ന്
രക്ഷപെടാനായി ചാടിയതാണെന്നുമാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മുറി അകത്തു നിന്ന് പൂട്ടി സാരി പുറത്തേക്ക് തൂക്കിയിട്ട് അതിൽ പിടിച്ചിറങ്ങാനുള്ള ശ്രമത്തിനിടെയാണ് വീണത്. അതിനാൽ തന്നെ ആത്മഹത്യാശ്രമമോ അബദ്ധത്തില്‍ വീണതോ അല്ലെന്നാണ് പൊലീസ് ഉറപ്പിക്കുന്നു. പരിക്കേറ്റ സ്ത്രീക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നോ എന്നും അന്വേഷിക്കും.
വീഴ്‌ചയെ തുടർന്ന് കുമാരിയെ എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്ക് മൂലം ലേക്ക് ഷോറിലേക്ക് മാറ്റി.
ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടില്‍ ജോലി കുറച്ചു കാലങ്ങളായി ഇവർ ജോലി ചെയ്തു വരികയായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ പത്ത് ദിവസം മുമ്പാണ് തിരിച്ചു വന്നത്.
ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്.
അബദ്ധത്തില്‍ ഇവര്‍ ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു.
ഫ്ളാറ്റിൽ നിന്നും താഴേക്ക് ഒരു സാരി കെട്ടിത്തൂങ്ങിക്കിടക്കുന്നത് കണ്ടെന്നും, നിലത്ത് വീണ സ്ത്രീയുടെ ദേഹത്ത് നിന്ന് രക്തം ഒഴുകുന്നത് കണ്ടെന്നും കിടക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല എന്നുമാണ് സംഭവം നടന്ന സമയത്ത് അതേ ഫ്ലാറ്റില്‍ ഉണ്ടായിരുന്ന ഒരു ദൃക്സാക്ഷിയുടെ വിശദീകരണം.

