കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എതിർപ്പറിയിച്ചതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന

ന്യൂഡൽഹി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിണ്ടും രംഗത്ത്. ലോകത്തെവിടെയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തു വന്നിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നാണ് വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മീഷണറെ അറിയിച്ചത്. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ വിയോജിപ്പ് അറിയിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അത് ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കാനഡ പ്രധാനമന്ത്രി വീണ്ടും നയം വ്യക്തമാക്കിയിരിക്കുന്നത്.

‘ ലോകമെമ്പാടുമുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശത്തിനായി കാനഡ എല്ലായ്‌പ്പോഴും നിലകൊള്ളും. അനുനയത്തിനും (കര്‍ഷകരുമായുള്ള) ചര്‍ച്ചകള്‍ക്കും ശ്രമം നടക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച(04/12/2020) മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ആദ്യമായി ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →