വെഞ്ഞാറമൂട്: എസ്‌എന്‍ഡിപിയോഗം മുന്‍ ദേവസ്വം സെക്രട്ടറിയും നെടുമങ്ങാട് യൂണിയന്‍ മുന്‍ പ്രസിഡന്റും പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് കാവിയാട് ബംഗ്ലാവില്‍ മാധവന്‍കുട്ടി (86) അന്തരിച്ചു.
തിരുവനന്തപുരം ജില്ലയിലെ പുരാതനമായ കാവിയാട്ട് കുടുംബത്തില്‍ കുഞ്ഞന്‍ പണിക്കരുടേയും ഭാര്‍ഗ്ഗവിയുടേയും മകനാണ്. വാര്‍ദ്ധക്യ സഹജമായ അസുഖംമൂലം വീട്ടില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. ചെമ്പഴന്തി എസ് എന്‍ കോളേജ് ആര്‍ഡിസി ചെയര്‍മാന്‍,എസ്‌എന്‍ട്രസ്‌റ്റ് സ്ഥിരാംഗം, കാവിയാട്ട് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ സ്ഥാപകന്‍, തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യകാല പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാണ്. കാര്‍ഷിക രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചുിരുന്നു.
ഭാര്യ: പിജി തങ്കമ്മ, മകള്‍: സൂര്യ ഗുരുദേവ്, മരുമകന്‍ : രാഹുല്‍ പ്രകാശം . കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്‍റും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കാവിയാട് ദിവാകര പണിക്കര്‍ സഹോദരനാണ്. കാവിയാട് ബംഗ്ലാവില്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കേരള കൗമുദിക്കുവേണ്ടി ജനറല്‍ മാനേജര്‍ ശ്രീസാഗര്‍ റീത്ത് സമര്‍പ്പിച്ചു.
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനുവേണ്ടി തിരുവനന്തപുരം യൂണിയന്‍ പ്രസിഡന്റ് ഡി. .പ്രേംരാജ്, വര്‍ക്കല യൂണിയന്‍ പ്രസിഡന്റ് അജി എസ്‌ആര്‍എം, ചെമ്പഴന്തി യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ചെമ്പഴന്തി ശശി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട് രവി, ഡികെ മുരളി എംഎല്‍എ, ജമീല പ്രകാശം എക്‌സ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് ശരത് പ്രസാദ്, അഡ്വ. വെമ്പായം അനില്‍കുമാര്‍, യോഗം വാമനപുരം യൂണിയന്‍ പ്രസിഡന്‍റ് പാങ്ങോട് വി ചന്ദ്രന്‍, സിപിഎം വെഞ്ഞാറമൂട് ഏരിയ സെക്രട്ടരി ഇഎ സലീം ,അശോക് ശശി, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.