വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാർ ഹർജിയ്ക്കെതിരേ നടൻ ദിലീപ് സുപ്രീം കോടതിയിലേക്ക്.

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാർ ഹര്‍ജിയില്‍ തടസ ഹർജി ഉന്നയിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
അഭിഭാഷക രഞ്ജീത റോത്തഗി ദിലീപിന്റെ തടസ്സ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.ദിലീപിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് ആവശ്യപ്പെടാനാണ് സാധ്യത. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വാദം. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായതിനാൽ ജഡ്ജിയെ മാറ്റിയാല്‍ ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.

ഒരാഴ്ച മുമ്പ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചുവെന്നും പ്രതി ദിലീപ്, സാക്ഷിയായ നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും വിചാരണ കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന 2020 ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് തടസ ഹർജി.

ജസ്റ്റിസ്മാരായ എ .എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് 2019 നവംബര്‍ 29 ന് കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാൽ വിചാരണ നീണ്ടു പോയതോടെ ഫെബ്രുവരി 2021 വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതി മാറിയാൽ ഇനിയും സമയം നീളുമെന്ന വാദം മുൻനിർത്തിയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം