തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി. സിഡാക്കില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഇവ വിജിലൻസിന് ലഭിക്കും. കേസിലെ പ്രതികളുടെ വാട്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളാണ് ഇന്ന് വിജിലൻസിന് നൽകുന്നത്. എം ശിവശങ്കർ, സ്വപ്ന ഉൾപ്പെടെയുള്ള സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികൾ എന്നിവരുടെ കോൾ രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചു.
കെ ഫോൺ, സ്മാർട് സിറ്റി അടക്കം സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതികൾക്ക് കൈമാറിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് പറയുന്നു. സ്മാർട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ ശിവശങ്കറിന്‍റെ അറിവോടെയാണ് സ്വപ്നയുടെ ഇടപെടൽ ഉണ്ടായത് എന്നു വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റുകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിൽ പലതും ലൈഫ് മിഷൻ കരാറുകാരായ യൂണിടാക്കിന് വിവരങ്ങൾ കൈമാറുന്നതിനായിരുന്നു. കൂടാതെ സ്വപ്ന സുരേഷിൻ്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.