മനുഷ്യരാശി ആത്മഹത്യയുടെ വക്കിൽ , ആഗോള താപനത്തെ കുറിച്ച് മുന്നറിയിപ്പുമായി യു എൻ സെക്രട്ടറി ജനറൽ

ന്യുയോർക്ക്: മനുഷ്യരാശി പ്രകൃതിയ്‌ക്കെതിരെ ആത്മഹത്യാപരമായ ഒരു യുദ്ധം നടത്തുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ അടിയന്തിരാവസ്ഥ പരിഹരിക്കാൻ അമേരിക്ക മുൻകൈ എടുക്കേണ്ടതുണ്ടെന്നും നിലവിൽ അതുണ്ടാകുന്നില്ലെന്നും സെക്രട്ടറി ജനറൽ ബുധനാഴ്ച(02/12/20) പറഞ്ഞു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗുട്ടെറസ്.

“നമ്മുടെ ഗ്രഹത്തിന്റെ അവസ്ഥ തകർന്നിരിക്കുന്നു. അടുത്ത മൂന്ന് ദശകത്തിനുള്ളിൽ ആഗോള കാർബൺ ഉൽസർജനം ഒരു സംതുലനാവസ്ഥ കൈവരിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ദുർബലരായ ആളുകളായിരിക്കും കാലാവസ്ഥാ ആഘാതങ്ങളുടെ ആദ്യത്തെ ഇരകൾ”
അദ്ദേഹം പറഞ്ഞു.

“യുഎസ് നേതൃത്വമില്ലാതെ ലോകത്തിലെ കാലാവസ്ഥാ അടിയന്തരാവസ്ഥ പരിഹരിക്കാൻ ഒരു വഴിയുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.”
ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി ഗുട്ടെറസ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ആഗോള കരാർ യുഎസിന്റെ നേതൃത്വമില്ലാതെ സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

“കാലാവസ്ഥാ പ്രവർത്തനം വിജയകരമാകാൻ ആവശ്യമായ ആഗോള നേതൃത്വം രാജ്യം ഏറ്റെടുക്കുമെന്ന് അമേരിക്കൻ ജനത ഉറപ്പുവരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഗുട്ടെറസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം