തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി അൽപം കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് വെള്ളിയാഴ്ച(04/12/20) കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ കാറ്റിൻ്റെ തീവ്രത അൽപം കുറയുമെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ചയുണ്ടാകരുത് എന്നാണ് അധികൃതർ പറയുന്നത്.
ചുഴലിക്കാറ്റ് കടന്നു പോകുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൊല്ലം, തിരുവനന്തപുരം അതിര്‍ത്തിപ്രദേശങ്ങളിലൂടെയാകും കാറ്റ് കടന്ന് പോവുക. ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സജ്ജമാണെന്നും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബുറെവി ചുഴലിക്കാറ്റ് വീശാനുള്ള സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. 2891 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പനുസരിച്ച് കാറ്റ് വ്യാഴാഴ്ച(03/12/20) അര്‍ധ രാത്രിയോടെയോ വെളളിയാഴ്ച്ച പുലര്‍ച്ചയോടെയോ തൂത്തുക്കുടി വഴി തീരം തൊടും.

