വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ രജിസ്‌ട്രേഷന്‍ നടത്തിയ അതോറിറ്റിക്കുമാത്രമേ അധികാരമുളളുവെന്ന് ഹൈക്കോടതി

കൊച്ചി: രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളോ നിയമ ലംഘനങ്ങലോ കണ്ടെത്തിയാല്‍ വാഹനം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരിക്കുന്നിടത്തെ രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കാനധികാരമുണ്ടെന്ന് ഹൈക്കോടതി.

അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ രജിസ്‌ട്രേഷന്‍ നടത്തിയ അതോറിറ്റിക്കുമാത്രമേ അധികാരമുളളുവെന്ന് ജസറ്റീസ് എംഎം ഷെഫീക്ക്, ജസ്റ്റീസ് പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പുതുശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരളത്തിലെ ഗതാഗത വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഗതാഗത സെക്രട്ടറി, കമ്മീഷണര്‍ വിവിധ റീജ്യണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവരടക്കം വാഹന വകുപ്പധികൃതരും സംസ്ഥാന സര്‍ക്കാരും നല്‍കിയ 43 അപ്പീലുകള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പോണ്ടിച്ചേരിയടക്കമുളള അന്തര്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഉപയോഗിച്ചാല്‍ ലൈഫ്‌ടൈം ടാക്‌സിന്റെ 15ല്‍ ഒന്ന് അടക്കണമെന്ന നിയമ ഭേദഗതി ശരിവച്ചുകൊണ്ടുളള 2019 ജൂലൈയിലെ സിംഗിള്‍ബെഞ്ച് ഉത്തരവിലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരമില്ലെന്ന വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാനും ആജീവനാന്ത നികുതിയടയ്ക്കാനുമുളള ആവശ്യം നിയമവിരുദ്ധവും സ്വേച്ഛാപരവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിലുളള നികുതിയിളവ് നേടാന്‍ വ്യാജ രേഖകളും മറ്റും ഹാജരാക്കി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാഹനങ്ങള്‍ വ്യാപകമായി കേരളത്തില്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്നായിരുന്നു അപ്പീല്‍ ഹര്‍ജിയിലെ വാദം. തുടര്‍ന്ന് ഇത് സംബന്ധിച്ച നേരത്തെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →