ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യാഴാച(03/12/2020) കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.
കര്‍ഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പഞ്ചാബ് ഉദ്യോഗസ്ഥര്‍ സിങ്ങിനൊപ്പം ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയതിനെ പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയുടെ വാര്‍ത്തകളും പുറത്ത് വന്നിരിക്കുന്നത്. ഷാ കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്‍പായാണ് മുഖ്യമന്ത്രിയെ കാണുക എന്നാണ് അറിയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിരിക്കുന്നത്. ഇന്ന തന്നെ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം തന്നെ റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഷാ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘നിങ്ങളോട് സംസാരിക്കാനും ചര്‍ച്ചകള്‍ നടത്താനും ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തന്നെ സ്ഥലം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ശൗചാലയങ്ങള്‍, ആംബുലന്‍സ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങള്‍ക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ എന്നാണ് ഷായുടെ വാക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

