ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകുന്നവരിൽ മലയാളിയും

വാഷിംഗ്ടൺ: ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകുന്നവരിൽ മലയാളിയായ മജു വർഗീസും. ജനുവരി 20-നാണ് അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേൽക്കുന്നത്.

പ്രസിഡൻഷ്യൽ ഇനാഗുറൽ കമ്മിറ്റിയുടെ (പിഐസി) നാലംഗ സമിതിയിലേക്കാണ് മജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജന് ഈ ഉന്നത സ്ഥാനം ലഭിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ടോണി അലൻ സിഇഒ ആയ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് മജു. ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എറിൻ വിൽസൺ, യുവാന കാൻസല എന്നിവരാണ് മറ്റ് അംഗങ്ങൾ.

“ഈ ചടങ്ങ് സംഘടിപ്പിക്കുന്ന ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ വലിയ ഒരു ബഹുമതിയാണ്,” മജു വർഗീസ് പറഞ്ഞു.

അധികാരമേറ്റെടുക്കൽ, പ്രസംഗം, പരേഡ്, പാർട്ടി എന്നിങ്ങനെ നീളുന്നതാണ് പുതിയ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ആദ്യ ദിവസം.

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്ന മജു ക്യാംപെയ്ൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഉപദേഷ്ടാവുമായിരുന്നു.

തിരുവല്ല സ്വദേശിയായ മജു ബരാക് ഒബാമ ഭരണകൂടത്തിന്റെ ഭാഗമായി പല ഉന്നത പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ പ്രസിഡന്റിന്റെ കീഴിൽ അധികാരത്തിൽ വരുന്ന അഞ്ചാമത്തെ ഇന്ത്യൻ വംശജനാണ് മജു.

കോവിഡ് ടാക്സ് ഫോഴ്‌സ് കോ-ചെയർ ആയ വിവേക് മൂർത്തി, അരുൺ മജൂംദാർ (എനർജി വകുപ്പ് ), കിരൺ അഹൂജ (പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസ്) എന്നിവർക്ക് ശേഷം കഴിഞ്ഞ ദിവസം നീര ടാണ്ടനെ മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസ് ഡയറക്ടറായും ബൈഡൻ ടീം തിരഞ്ഞെടുത്തിട്ടുണ്ട്.

മാസച്യുസറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസിലും ഇക്കണോമിക്സിലും ഉന്നത ബിരുദം നേടിയ മജു 2000 മുതൽ രാഷ്ട്രീയ രംഗത്ത് സജീവമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →