കൊല്‍ക്കത്ത: സംസ്ഥാന ഗതാഗത – ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ച വിമത നേതാവ് സുവേന്ദു അധികാരിമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നന്ദിഗ്രാം സമരത്തിന്റെ മുഖ്യ നേതാക്കളിലൊരാളായിരുന്നു സുവേന്ദു അധികാരി.പശ്ചിമ ബംഗാളില്‍ മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു സുവേന്ദു അധികാരി.നേരത്തെ സുവേന്ദു സ്വന്തം നിലക്ക് തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രശാന്ത് കിഷോറിനു പുറമെ ടിഎംസി മുതിര്‍ന്നവരും ലോക്‌സഭാ എംപിയുമായ സൗഗത റോയ്, പാര്‍ട്ടി എംപിമാരായ സുദീപ് ബന്ദോപാധ്യായ, അവിഷെക് ബാനര്‍ജി എന്നിവരും അധികാരി സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അധികാരി തൃണമൂലില്‍ തന്നെ നില്‍ക്കുമെന്ന് വ്യക്തമായിരിക്കുന്നത്.”എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. നാളെ അദ്ദേഹം ഒരു പ്രസ്താവന നടത്തി തന്റെ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം, ”എന്നാണ് സൗഗത റോയ് പറഞ്ഞത്.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു സുവേന്ദുവിന്റെ രാജി. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്.
2007- 08ല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന നന്ദിഗ്രാമിനെ തൃണമൂലിന്റെ സ്വാധീന കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. 2011-ല്‍ സുവേന്ദയെ മാറ്റി അഭിഷേക് ബാനര്‍ജിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയിരുന്നു. നേതൃനിരയില്‍ സുവേന്ദുവിനെ അവഗണിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

