28 വർഷം മകനെ മുറിയിൽ പൂട്ടയിട്ട അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു

സ്റ്റോക്ഹോം: പ്രായമായ അച്ഛനമ്മമാരെ മുറിയിൽ പൂട്ടിയിടുന്ന മക്കളുള്ള കാലത്ത് അതിന് നേർ വിപരീതമായ ഒരു വാർത്ത വരികയാണ് സ്വീഡനിൽ നിന്നും.

ഒരു അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് സ്വീഡനിൽ 70 കാരിയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ ഇല്ലെന്നും സ്റ്റോക്ഹോം പൊലീസ് വക്താവ് ഒല ഓസ്റ്റർലിങ് വാർത്താ ഏജൻസിയോടു പറഞ്ഞു. തെക്കൻ സ്റ്റോക്ഹോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാർട്ട്മെന്റിലാണു യുവാവിനെ ദീർഘകാലമായി പൂട്ടിയിട്ടിരുന്നത്. കാലിൽ വ്രണം ബാധിച്ചിരുന്ന ഇയാൾക്കു നടക്കാൻ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നൂവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചികിത്സാർഥം അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരു ബന്ധുവാണു വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട 40 വയസ്സ് കഴിഞ്ഞ മകനെ ഞായറാഴ്ച കണ്ടെത്തിയത്.

എന്നാൽ 28 വർഷമായി ഇയാൾ തടവിലാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു. 12 വയസ്സുള്ളപ്പോൾ അമ്മ മകന്റെ സ്‌കൂൾ പഠനം അവസാനിപ്പിക്കുകയും അപ്പാർട്ട്‌മെന്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോർട്ടുകൾ.

‘‘അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല’ എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്.
കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു.

വർഷങ്ങളായി വൃത്തിയാക്കാത്ത നിലയിലായിരുന്നു യുവാവിനെ പൂട്ടിയിട്ട അപ്പാർട്ടുമെന്റെന്ന് അദ്ദേഹത്തെ കണ്ടെത്തിയ ബന്ധു പറഞ്ഞു. പൊടിയും അഴുക്കും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മുറി. യുവാവിനെക്കണ്ട് ഹൃദയം തകർന്നുപോയെന്ന് ബന്ധു പറയുന്നു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ടെന്നും യുവാവിനെ കണ്ടെത്തിയ ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →