ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ

ചണ്ഡീഗഡ്: ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിപി മനോജ് യാദവ ബുധനാഴ്ച(02/12/20) വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻപാകെ മാനം കാക്കൽ കൊലപാതകങ്ങൾ സംബന്ധിച്ച കേസ് വാദം കേൾക്കുമ്പോഴാണ് ഡി ജി പി സത്യവാങ്മൂലം സമർപ്പിച്ചത്.

ഈ കേസുകളിൽ അന്വേഷണമോ വിചാരണയോ ശേഷിക്കുന്നുണ്ടെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. 13 ൽ ഒരു കേസിൽ പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള ഒരു വിധി 2020 സെപ്റ്റംബർ 9 ന് വിചാരണ കോടതിയിൽ നിന്നും ഉണ്ടായിട്ടുണ്ട്.

മാനം കാക്കൽ കൊലകളെ ഗുരുതരമായ കുറ്റകൃത്യങ്ങൾ (ചിൻഹിത് അപ്രാധ്) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയുടെ പുരോഗതിയും വിലയിരുത്താൻ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയുണ്ടാകും. ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി), ജില്ലാ അറ്റോർണി, ജയിൽ സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഭാവിയിൽ മാനം കാക്കൽ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡി‌എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും എല്ലാ കേസുകളിലും വിചാരണ ഉറപ്പാക്കുമെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →