തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഡിജിപി ലോക്നാഥ് ബെഹ്‌റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സ്ഥാനമൊഴിയുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഡി ജിപിയെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നത്. ഇതുസംബന്ധിച്ച ജനുവരി അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പുര്‍ത്തിയായ ഉദ്യോഗസ്ഥരെ മാറ്റിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കേണ്ടതെന്നാണ് കീഴ്‌വഴക്കം. നിലവില്‍ ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റിട്ട് മൂന്നുവര്‍ഷം പിന്നിട്ടു. അടുത്ത ജൂണ്‍വരെ കാലാവധിയുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിലെ ക്രമസമാധാന ചുമതലയുള്‍പ്പടെയുളളവ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറണമോയെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്.
കീഴ് വഴക്കം ഉണ്ടെങ്കിലും പരാതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാറില്ല. തെരഞ്ഞെടുപ്പുകാലത്ത് മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും ഭരണമാറ്റം ഉണ്ടാവുകയും ചെയ്താല്‍ ബെഹ്‌റക്ക് ക്രമസമാധാന ചുമതലയില്‍ ഇരുന്ന് വിരമിക്കാന്‍ കഴിയില്ല. തിരഞ്ഞെടെുപ്പിന് മുമ്പ് പുതിയ ചീഫ് സെക്രട്ടറി ചുമതലയേല്‍ക്കും. ഡോക്ടര്‍ വിശ്വാസ് മേത്ത ഫെബ്രുവരിയിലാണ് വിരമിക്കുന്നത്.
സീനിയോരിറ്റിയില്‍ മുന്നിലുളള ആനന്ദ്കുമാര്‍, അജയ്കുമാര്‍, ഇന്തര്‍ജിത് സിംഗ്, വിപി ജോയ്, എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് ഇവര്‍ എത്താതിരുന്നാല്‍ ടികെ മനോജ്കുമാറിന് സാദ്ധ്യതയുണ്ട്. മനോജ്കുമാറും വന്നില്ലെങ്കില്‍ അഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസ് ചീഫ് സെക്രട്ടറിയാകും. 2022 ജൂണിലാണ് ടികെ ജോസ് വിരമിക്കുക.

