മരണത്തിന് തൊട്ടു മുൻപ് യുവതി പറഞ്ഞു ‘തന്നെ ആട് ഇടിച്ചതല്ല’ ഒടുവിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം : മരണത്തിനു തൊട്ടു മുൻപ് യുവതി പറഞ്ഞ കാര്യം നിർണായകമായി. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്. ‘എന്നെ ഇടിച്ചിട്ടത് ആടല്ല’ എന്ന് മരണത്തിനു തൊട്ടു മുൻപ് ആശ മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്.

ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്നായിരുന്നു ഭര്‍ത്താവായ അരുണിന്റെ മൊഴി. ആദ്യമൊന്നും ആശയും ഇത് നിഷേധിച്ചിരുന്നില്ല. എന്നാൽ മരണത്തിനു തൊട്ടു മുൻപ് ആശ തന്നെ ആട് ഇടിച്ചതല്ല എന്ന് വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ഭർത്താവിനെ ചോദ്യം ചെയ്തതോടെ അയാൾ കുറ്റസമ്മതം നടത്തി.

നവംബർ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭര്‍ത്താവ് അരുൺ ബന്ധുക്കളെ അറിയിച്ചിരുന്നത്.

എന്നാല്‍ മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →