തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച (30/11/2020) ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക.
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി ഇഡി നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യതവണ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ തവണയും ഇഡി നോട്ടീസ് നല്‍കി. കൊവിഡിന് ശേഷമുള്ള ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിച്ചതോടെ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു ആശുപത്രി വിട്ടത്. പാര്‍ട്ടി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന്‍ ആശുപത്രി വിട്ടതെന്നാണ് സൂചന.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍നിന്നും ഒഴിഞ്ഞുമാറരുതെന്ന് സിഎം രവീന്ദ്രനോട് സിപിഐഎം നിര്‍ദേശിച്ചിട്ടുണ്ട്.