ബർലിൻ: സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനിച്ചു. 20 വർഷം മുൻപ് ജർമനിയുടെ സംയുക്ത സേനാ വിഭാഗത്തിൽ നിന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്ത സൈനികർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 20 വർഷത്തിനു ശേഷമാണ് ജർമൻ സർക്കാർ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
1955 മുതൽ 2000 വരെ ബുണ്ടസ്വെറിൽ ” വിവേചനം” നടന്നതായി വെളിപ്പെടുത്തുന്ന വിശദമായ പഠന റിപ്പോർട് പ്രസിദ്ധീകരിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് ചാൻസലർ ആഞ്ചല മെർക്കലിന്റെ മന്ത്രിസഭയിൽ നിന്ന് നഷ്ടപരിഹാരത്തിന് അനുമതി ലഭിച്ചത്.
2000 ത്തിൽ ആണ് ജർമനിയുടെ സംയുക്ത സേനാ വിഭാഗമായ ബുണ്ടസ്വെറിലെ സ്വവർഗാനുരാഗികളായ സൈനികരുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുളള നിയമം വന്നത്.
പ്രതിരോധ മന്ത്രി ആനെഗ്രെറ്റ് ക്രാമ്പ്-കാരെൻബവർ പതിറ്റാണ്ടുകളുടെ വിവേചനത്തിന് മാപ്പ് പറഞ്ഞ് രംഗത്തു വന്നിരുന്നു .
പിരിച്ചുവിടപ്പെട്ടവർ, സ്ഥാനക്കയറ്റത്തിൽ നിന്നും തഴയപ്പെട്ടവർ എന്നിവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.
ആയിരത്തോളം പേർ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം കണക്കാക്കുന്നത്.