തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്കായി വിദേശപണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി. ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര വകുപ്പ് നിയമസഭാ സെക്രട്ടറിയറ്റിന് കൈമാറി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അനുമതി ലഭിച്ചാലുടന്‍ പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടും.
സംഭവത്തിൽ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട് . ഇതേ തുടര്‍ന്നാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തുനല്‍കിയത്.
‘പുനര്‍ജനി പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി നിയമഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലായെന്നതിന്റെ വിവരാവകാശ രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടിഎസ് രാജനായിരുന്നു വിവരാവകാശ രേഖ ലഭിച്ചത്. ഇതില്‍ വിഡി സതീശന്‍ നടത്തിയ വിദേശ യാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും പരാമര്‍ശമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തില്‍ എംഎല്‍എ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം സി പി എം ഉയര്‍ത്തിയിരുന്നു.