റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി സെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചതായി അദ്ദേഹം പറഞ്ഞു. ബഞ്ചമിൻ നെതന്യാഹു ഞായറാഴ്ച (23/11/20) സൗദിയിൽ രഹസ്യ ന്ദർശനം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തതിനെ തുടർന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം.
മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടെയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി സന്ദർശനമെന്ന് യോവ് ഗാലന്റ് വെളിപ്പെടുത്തി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയെന്ന് ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
“കൂടിക്കാഴ്ച നടന്നതും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു,” പ്രധാനമന്ത്രിയുടെ കാബിനറ്റ് അംഗം ഗാലന്റ് തിങ്കളാഴ്ച (24/11/20) ഇസ്രായേൽ ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞാൻ ഒരിക്കലും ഈ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടില്ല. സമാധാനത്തിന്റെ വലയം വിപുലീകരിക്കുന്നതിനായി ഞാൻ പ്രവർത്തിക്കുകയാണ്.”
റിപ്പോർട്ടുകളെക്കുറിച്ച് നെതന്യാഹു പ്രതികരിച്ചു.
എന്നാൽ ഒരു യോഗം നടന്നതായുള്ള റിപ്പോർട്ടുകൾ സൗദി അധികൃതർ ശക്തമായി നിഷേധിച്ചു.
“അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല. അമേരിക്കൻ ഉദ്യോഗസ്ഥരും സൗദി ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്,” സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ട്വീറ്റ് ചെയ്തു.
ഇസ്രയേലിനും സൗദി അറേബ്യയ്ക്കും നിലവിൽ നയതന്ത്ര ബന്ധമില്ല. ഫലസ്തീനികൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കുകയുള്ളൂവെന്ന് റിയാദ് നേരത്തേ പറഞ്ഞിട്ടുണ്ട്.

