തിരുവനന്തപുരം: പോലീസ് ആക്റ്റ് ഭേദഗതിയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനും പ്രസംഗകനുമായ സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പൊലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് . അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാകരുത് നിയമങ്ങളെന്നും , സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്.
നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം.’

