തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ അതിക്രമം ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം ചര്‍ച്ചയായ ഘട്ടത്തിലാണ് അത് തടയാനെന്ന പേരില്‍ സര്‍ക്കാർ പൊലീസ് നിയമം ഭേഗദതി ചെയ്ത് ഉത്തരവിറക്കിയത്. ഇത് മാധ്യമ സ്വാതന്ത്ര്യം തടയുന്നതും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ സുപ്രീംകോടറി റദ്ദാക്കിയ സെക്ഷന്‍ 66 എയുടെ പുനരവതാരമാണ് 118 എ ഭേദഗതി എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. സി പി എം കേന്ദ്ര നേതൃത്വം തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.