കോവിഡ് പ്രതിരോധ വാക്സിനും ഫണ്ടും: ന്യായമായ വിതരണത്തിന് പ്രതിജ്ഞയെടുത്ത് ലോകനേതാക്കള്‍

റിയാദ്: കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ലോക നേതാക്കള്‍ പ്രതിജ്ഞ ചെയ്തു. കോവിഡ് -19 വാക്സിനുകള്‍, മരുന്നുകള്‍, ടെസ്റ്റുകള്‍ എന്നിവയുടെ ന്യായമായ വിതരണത്തിന് പണം നല്‍കാമെന്നും ലോകത്തെ 20 സമ്പന്ന രാജ്യങ്ങളിലെ നേതാക്കളാണ് പ്രതിജ്ഞയെടുത്തത്. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി20 വിര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു പ്രതിജ്ഞ. വിര്‍ച്വല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.കൊവിഡ് പ്രതിരോധ വാക്സിനുകളും ഏറ്റവും മികച്ച ചികിത്സാ രീതികളും വികസിപ്പിക്കുന്നതില്‍ ശുഭാപ്തി വിശ്വാസമുണ്ട്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ ജി20 രാഷ്ട്രങ്ങങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ജീവിതവും ജോലിയും വരുമാനവും സംരക്ഷിക്കുന്നതിന് ആവശ്യമായ കാലത്തോളം ലഭ്യമായ എല്ലാ നയങ്ങളും ഉപയോഗിക്കുന്നത് തുടരുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു, പ്രതിസന്ധിയെ നേരിടാന്‍ രാജ്യങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹുരാഷ്ട്ര വികസന ബാങ്കുകളെ പ്രോത്സാഹിപ്പിക്കും.ദരിദ്ര രാജ്യങ്ങള്‍ക്കായുള്ള കോവിഡ് -19 പോരാട്ട ഉപകരണങ്ങള്‍ക്കായി ജി 20യും യൂറോപ്യന്‍ യൂണിയനും ഈ വര്‍ഷം അവസാനത്തോടെ 4.5 ബില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് കരുതുന്നത്.

ലോക ജനതയും സമ്പദ് വ്യവസ്ഥകളും കോവിഡ് മഹാമാരിയുടെ ആഘാതം അനുഭവിക്കുകയാണ്. എന്നാല്‍ മുഴുവന്‍ പ്രതിസന്ധികളെയും അന്താരാഷ്ട്ര സഹകരണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്ന് ഉച്ചകോടി ഉദ്ഘാടം ചെയ്ത് സൗദിയിലെ സല്‍മാന്‍ രാജാവ് പറഞ്ഞു.അസാധാരണമായ സാഹചര്യമാണ് എല്ലാവരും അഭിമുഖീകരിക്കുന്നത്. ഉച്ചകോടി ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ റിയാദില്‍ വ്യക്തിപരമായി രാഷ്ട്ര നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും രാജാവ് പറഞ്ഞു.കൊവിഡിനെ നേരിടാന്‍ 21 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. റിയാദ് ഉച്ചകോടി നിര്‍ണായക ഫലങ്ങള്‍ പ്രധാനം ചെയ്യും. ലോക ജനതക്ക് പ്രതീക്ഷയും സമാശ്വാസവും നല്‍കുന്ന സാമ്പത്തികവും സാമൂഹികവുമായ നയങ്ങള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ ഉറപ്പുണ്ടെന്നു പറഞ്ഞാണ് സല്‍മാന്‍ രാജാവ് പ്രസംഗം അവസാനിപ്പിച്ചത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ദ്വിദിന ഉച്ചകോടി മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →