തിരുവനന്തപുരം: ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായി വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്.
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഗവര്‍ണറുടെയും നിയമസഭാ സ്പീക്കറുടെയും അനുമതി തേടിയശേഷം പ്രാഥമികാന്വേഷണത്തിനാണു നിര്‍ദേശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശപ്രകാരം 10 കോടി രൂപ പിരിച്ചെന്നും കെ.പി.സി.സിക്കു വേണ്ടി രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടിയും ബാബുവിന് 50 ലക്ഷവും വി.എസ്. ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് അദ്ദേഹം രേഖാമൂലം പരാതി നല്‍കി.
ബിജു രമേശിന്റെ ആരോപണം രണ്ടുതവണ വിജിലന്‍സ് പരിശോധിച്ച് തള്ളിയതാണെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നേരത്തേ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. അതു തള്ളിയാണ് ഇപ്പോഴുള്ള അന്വേഷണത്തിനുള്ള തീരുമാനം.
എന്നാൽ, ബാര്‍ കോഴയാരോപണത്തില്‍നിന്നു പിന്മാറാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ബിജുവിന്റെ ആരോപണത്തിന്മേല്‍ അന്വേഷണത്തിനു നീക്കമില്ല. യു.ഡി.എഫില്‍നിന്നു തെറ്റിപ്പിരിഞ്ഞ ജോസ് ഇപ്പോള്‍ ഇടതുമുന്നണിയിലാണ്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസുകളില്‍ മുസ്ലിം ലീഗ് നേതാക്കളും എം.എല്‍.എമാരുമായ എം.സി കമറുദ്ദീന്‍, മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ അറസ്റ്റിലായതിനു പിന്നാലെയാണു പ്രതിപക്ഷനേതാവുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും അന്വേഷണവലയിലായത്

