കറാച്ചി സ്വീറ്റ്‌സിലെ കറാച്ചി മാറ്റണം: കടയുടമയ്ക്ക് ശിവസേനാ നേതാവിന്റെ ഭീഷണി

മുംബൈ: മുംബൈയിലെ പ്രശസ്തമായ ബേക്കറിയായ കറാച്ചി സ്വീറ്റ്‌സിന്റെ പേര് മാറ്റണമെന്ന് ശിവസേനാ നേതാവ്. നേതാവ് ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നിങ്ങളുടെ പൂര്‍വികര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. നിങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ കറാച്ചി എന്ന പേര് വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് പാകിസ്ഥാനിലെ കറാച്ചി. ഇന്ത്യയിലാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിങ്ങള്‍ അതുകൊണ്ട് കടയുടെ പേര് മാറ്റണം എന്നായിരുന്നു ശിവസേനാ നേതാവിന്റെ ആവശ്യം.

ഏകദേശം 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശിവസേന നേതാവ് നിതിന്‍ നന്ദ്ഗവോകര്‍ ബാദ്ര വെസ്റ്റിലുള്ള കടയില്‍ എത്തി കടയുടമയോട് പേര് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്.നിങ്ങളുടെ പൂര്‍വികരുടെ പേര് നല്‍കാം. ഞങ്ങള്‍ അതിനെ ബഹുമാനിക്കും. കച്ചവടത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞാന്‍ നിങ്ങള്‍ക്ക് സമയം അനുവദിക്കാം. മറാത്തിയിലുള്ള എന്തെങ്കിലും പേര് നല്‍കൂ എന്നും ശിവസേനാ നേതാവ് കടയുടമയോട് ആവശ്യപ്പെടുന്നുണ്ട്.ശിവസേനാ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉടമ കടയുടെ ബാനര്‍ ഇപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുകയാണ്. എന്നാല്‍ ശിവസേനാ നേതാവായ നന്ദ്ഗവോകറുടെ പ്രതികരണം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ശിവസേനയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →