കോട്ടയം: പൂഞ്ഞാറില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരത്തിന് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഇറക്കി പി.സി.ജോർജിൻ്റെ തന്ത്രം. മൂന്ന് മുന്നണികള്‍ക്കും ഭീഷണിയായി മകനെ തന്നെ അങ്കത്തട്ടിൽ ഇറക്കുകയാണ് പി.സി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയെയും കീഴടക്കി താൻ നേടിയ വിജയം ഇപ്രാവശ്യം മകനിലൂടെ ആവർത്തിക്കാനാണ് ശ്രമം.തദ്ദേശഭരണ തെര ഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ച് യുഡിഎഫില്‍ കയറി പറ്റുകയാണ് പിസി ജോര്‍ജ്ജിന്‍റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഇതിനായി മറ്റു മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പു തന്നെ പൂഞ്ഞാറിലെ പ്രചാരണരംഗത്ത് ഷോണ്‍ ജോര്‍ജിനെ സജീവമാക്കിയിരുന്നു. പൂഞ്ഞാറിൽ ഏവർക്കും പരിചിതനാണ് ഷോൺ .
നിയമസഭയില്‍ പൂഞ്ഞാറിന് പുറമെ പാലായിലും മത്സരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഷോണ്‍ ജോര്‍ജ്ജിന്‍റെ രാഷ്ട്രീയ പ്രവേശമെന്നാണ് കരുതുന്നത്.
ജനപക്ഷം പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ളയിടത്തു തന്നെയാണ് ഷോണിൻ്റെ കന്നിയങ്കം. പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഏഴു പഞ്ചായത്തുകളാണ് പൂഞ്ഞാര്‍ ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടര്‍മാരുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ പൂഞ്ഞാര്‍ കൂടാതെ ഭരണങ്ങാനം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലും ജനപക്ഷത്തിൻ്റെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്.

