ന്യൂഡല്‍ഹി: വിദേശ നിക്ഷേപത്തില്‍ പരിധിയിട്ട് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം അടുത്ത വര്‍ഷം ഒക്ടോബര്‍ 15ന് മുന്‍പ് പരമാവധി 26 ശതമാനമായി കുറക്കാനാണ് തീരുമാനം. വാര്‍ത്താവിതരണ പ്രക്ഷേപ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഉള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഒരു വര്‍ഷത്തിനകം കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 26 ശതമാനത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ അത് വിശദമാക്കുന്ന രേഖകള്‍ ഒരുമാസത്തിനകം സമര്‍പ്പിക്കണം. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സിഇഒ ഇന്ത്യന്‍ പൗരന്മാരാകണം. 60 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന അത്തരം ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ അനുമതി വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഓഹരിഉടമകള്‍ എന്നിവരുടെ വിവരങ്ങളും ലഭ്യമാക്കണം.