മലപ്പുറം: കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഇ-ഡ്രോപ്പ് എന്ന പേരില്‍ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നേരിട്ട് ബന്ധപ്പെടുന്നതിന് പകരം ഓണ്‍ലൈന്‍ വഴി ഓരോ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാനുള്ള ക്രമീകരണമാണ് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിലുള്ളത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇലക്ഷന്‍ കമ്മീഷന് വേണ്ടി സോഫ്റ്റവെയര്‍ വികസിപ്പിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.edrop.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് / നഗരസഭ ഉദ്യോഗസ്ഥര്‍ ലോഗിന്‍ ചെയ്ത് അതത് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആദ്യം എന്‍ട്രി നടത്തണം. ഓരോ സ്ഥാപനത്തിന്റെ പേരും താലൂക്കും മൊത്തം ജീവനക്കാരുടെയും നിലവിലുള്ള ജീവനക്കാരുടെയും എണ്ണവും നല്‍കിയാല്‍ അതത് സ്ഥാപന മേധാവിക്ക് നല്‍കേണ്ട കവറിങ് ലെറ്ററും യൂസര്‍ ഐ.ഡി.യും പാസ് വേഡും ലഭിക്കും. ഈ യൂസര്‍ ഐ.ഡി.യും പാസ് വേഡും ഉപയോഗിച്ചാണ് സ്ഥാപന മേധാവികള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.
ശനി (നവംബര്‍ 14), ഞായര്‍ (നവംബര്‍ 15) ദിവസങ്ങളിലായി ഗ്രാമ പഞ്ചായത്ത് / നഗരസഭ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങള്‍, സഹകരണ ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്കുകള്‍ തുടങ്ങിയ ജില്ലയിലെ ഓഫീസുകളില്‍ ലോഗിന്‍ ഐ.ഡി, പാസ് വേഡ് എന്നിവയുള്‍പ്പെടെയുള്ള ഉത്തരവ് നല്‍കിവരികയാണ്. ഇതിനായി അവധി ദിവസങ്ങളിലും ഓഫീസ് തുറന്ന് ഒരു ഉദ്യോഗസ്ഥ പ്രതിനിധിയുടെ സാനിധ്യമാണ് ഉറപ്പ് വരുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന ലിസ്റ്റ് പഞ്ചായത്തുകള്‍/നഗരസഭകള്‍ പരിശോധന നടത്തിയ ശേഷം ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ പരിഗണനയക്കായി കൈമാറും. ജില്ലാ തലത്തിലെ പരിശോധനയ്ക്ക് ശേഷം ഓരോ ബൂത്തിലെയും ഉദ്യോഗസ്ഥരെ സോഫ്റ്റ് വെയര്‍ വഴി തിരഞ്ഞെടുക്കുകയും ജില്ലാ കലക്ടറുടെ ഡിജിറ്റല്‍ ഒപ്പ് സഹിതം ഓണ്‍ലൈനായി തന്നെ നിയമന ഉത്തരവ് നല്‍കുകയും ചെയ്യും. റിഹേഴ്സല്‍, പോളിങ് ദിവസങ്ങളിലെ അറ്റന്‍ഡന്‍സ് അക്വിറ്റന്‍സ് രജിസ്റ്ററുകളും ഓണ്‍ലൈനായി ഇതുവഴി നല്‍കാനാകും.
നേരത്തെ പ്രത്യേക ഫോമുകള്‍ ഓരോ ഓഫീസുകളിലേക്കും നല്‍കി വനിതാ ഉദ്യോഗസ്ഥരുടേയും പുരുഷ ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയായിരുന്നു അനുവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ക്രോഡീകരണത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചിരുന്നത്. നിലവിലെ സംവിധാനത്തില്‍ ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥരെ കണ്ടെത്തുകയും ചുമതലാ വിവരങ്ങള്‍ കൈമാറുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള ഇടപഴകല്‍ കുറയ്ക്കുന്നതിലൂടെ കോവിഡ് വ്യാപന സാധ്യത കുറയ്ക്കാനും പുതിയ സംവിധാനം ഫലപ്രദമാകും.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9106/Kerala-Local-Body-Election.html