തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയുളള അക്രമത്തിനിടെ നിയമ സഭയില്‍ നാശനഷ്ടമുണ്ടാക്കിയ കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, എംഎല്‍എ മാരായിരുന്ന കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവന്‍, എന്നിവര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. മറ്റൊരു പ്രതിയായ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയോട് കൂടുതല്‍ സമയമാവശ്യപ്പെട്ടു.
കേസ് ശരിയായി അന്വേഷിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കിയതെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരുന്നില്ലെന്നും ആയതിനാല്‍ ഞങ്ങളെ കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്‌പീക്കറുടെ അനുമതിയോ സഭയുടെ പ്രമേയമോ ഇല്ലാതെ പോലീസിന് സഭയ്ക്കുളളില്‍ നടക്കുന്ന കാര്യത്തില്‍ കേസെടുക്കാനാവില്ല. കോടതിയില്‍ ഹാജരാക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുളളതല്ല. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സ്‌പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല.
പ്രതിപക്ഷത്തെ വനിതാ സാമാജികരെ അന്നത്തെ ഭരണപക്ഷം അക്രമിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ അവരുടെ മൊഴിയെടുക്കാതെ നടത്തിയതാണ്‌അന്വേഷണമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കെ.കെ ലതിക, ജമീല പ്രകാശം, എന്നിവരുടെ സ്വകാര്യ പരാതിയില്‍ കോടതി കേസെടുത്തതും ഹര്‍ജിയില്‍ പറയുന്നു. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.