കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

മാറി നില്‍ക്കാനുള്ള സന്നദ്ധത കോടിയേരി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

സെക്രട്ടറി ചുമതലയില്‍നിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിച്ചെന്നും സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുമെന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിപിഐഎം സെക്രട്ടറി സ്ഥാനത്തുനിന്നും അദ്യമായാണ് ഒരാള്‍ സ്ഥാനമൊഴിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടിയേരി സ്ഥാനമൊഴിയുന്നത് എന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടിയേരി രാജിവെക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നെങ്കിലും രാജി വെക്കേണ്ടതില്ലെന്നായിരുന്നു സിപിഐഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →