ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍   ജാതിയുടെയും  സമുദായത്തിന്റെയും പേരില്‍  വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ പാടില്ല. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, ഭാഷാ പരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതോ  ആയ  ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ,സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ,പതിനായിരം രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

മറ്റ് രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത്  അവരുടെ നയങ്ങളിലും പരിപാടികളിലും  പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തണം.മറ്റു കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാന രഹിതമായതോ,വളച്ചൊടിച്ചതോ ആയ  ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം.വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക,പിക്കറ്റു  ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്. ഒരു വ്യക്തിയുടെ സ്ഥലം,കെട്ടിടം,മതില്‍ തുടങ്ങിയവ അയാളുടെ  അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ,ബാനറുകള്‍  കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍  രാഷ്ട്രീയകക്ഷികളോ,സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ,പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍,കട്ട് ഔട്ട് തുടങ്ങിയ സ്ഥാപിക്കാനോ പാടില്ല.പൊതുജനങ്ങള്‍ക്ക് അസൗകര്യമോ,ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍   പ്രചരണ സാമഗ്രികള്‍(കൊടി,ബാനര്‍,പോസ്റ്റര്‍,കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ  പ്രചരണങ്ങള്‍ക്കോ,റാലികള്‍ക്കോ ഉപയോഗിക്കരുത്.പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ,സമ്മതിദായനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം,സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.

നഗരസഭകളില്‍ പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ട് തേടരുത്

വോട്ടെടുപ്പ് ദിവസം നഗരസഭകളില്‍ കാര്യത്തില്‍    പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ട് തേടുക,വോട്ടടുപ്പ് അവസാനിപ്പിക്കുന്നതിന്  നിശ്ചയിച്ചിട്ടുള്ള  സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക,  പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടു പോകുക തുടങ്ങിയവ തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9064/Kerala-Local-Body-Election-2020.html

Share
അഭിപ്രായം എഴുതാം