കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് കോടതിയുടെതാണ് നടപടി. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തിങ്കളാഴ്ച (09/11/20) ഉച്ചയോടെ കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കുകയായിരുന്നു. കമറുദ്ദീന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.
തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസ് മാത്രമാണെന്നും അതുകൊണ്ടുതന്നെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുളള കമറുദ്ദീന്റെ അഭിഭാഷകന്റെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് കോടതി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്. ബിസിനസില്‍ നിക്ഷേപം നടത്തിയതിന്റെ ലാഭവിഹിതം നല്‍കിയിരുന്നതായും കമറുദ്ദീന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ച (11/11/20) ത്തേക്ക് മാറ്റി.

