വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രതി പിടിയില്‍

കൊയിലാണ്ടി: 26 ലക്ഷം രൂപയുടെ വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രധാന പ്രതി പിടിയിലായി. കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനാണ്‌ അറസ്റ്റിലായത്‌. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച്‌ കോഴിക്കോട്‌ സിറ്റി കോ ഓപ്പറേറ്റീവ്‌ ബാങ്കിന്റെ കല്ലായി ശാഖയിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. നന്മണ്ട സ്വദേശി കെ കെ വിശ്വനാഥന്‍ എന്നയാളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി 26 ലക്ഷം രൂപ വായ്‌പ്പ എടുക്കുകയായിരുന്നു.

വിശ്വനാഥന്റെ സ്ഥലം ഈടുവച്ചാണ്‌ ബാങ്കില്‍ നിന്ന്‌ ലോണെടുത്തത്‌. സുരേന്ദ്രനെ കോഴിക്കോട്‌ ടൗണ്‍പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എ.ഉമേഷിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. വ്യാജ രേഖകള്‍ ഉണ്ടാക്കിയതും വിശ്വനാഥന്റെ പേരില്‍ ഒപ്പിട്ടതും ഇയാളാണ്. ‌ ബാലുശേരിയില്‍ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്രനെ അച്ചടക്ക നടപടിയെ തുടര്‍ന്ന പിരിച്ചുവിട്ടതായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

കടലുണ്ടി സ്വദേശി കെപി പ്രദീപന്‍ ,അത്തോലി ചാലക്കല്‍ സിജുലാല്‍ എന്നിവര്‍ ഈ കേസില്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. സ്ഥലമുടമ വിശ്വനാഥന്റെ പേരിലുളള വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ സിജുലാലിന്റെ ഫോട്ടോയാണ്‌ പതിച്ചിരുന്നത്‌. ലോണ്‍ തിരിച്ചടവില്ലാതെ വന്നപ്പോള്‍ ബാങ്ക്‌ വിശ്വനാഥന്റെ പേരില്‍ നോട്ടീസ്‌ അയച്ചിരുന്നു. പിന്നീട്‌ ബാങ്ക്‌ അധികൃതര്‍ വിശ്വനാഥന്റെ വീടന്വേഷിച്ച്‌ പോയപ്പോഴാണ്‌ തട്ടിപ്പ്‌ മനസിലായത്‌. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്ക്‌ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലോണ്‍ തട്ടിപ്പിന്‌ പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍. തട്ടിപ്പുസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുളള ശ്രമത്തിലാണ്‌ അധികൃതര്‍ സംഘം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →