മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ്​ വിഭജന ചര്‍ച്ചകള്‍ ചൊവ്വാഴ്​ചയോടെ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്​

കോട്ടയം: ജില്ല പഞ്ചായത്ത്​ ഒഴികെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ്​ വിഭജന ചര്‍ച്ചകള്‍ 10-11-2020 ചൊവ്വാഴ്​ചയോടെ പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ്​ ജില്ല നേതൃത്വ യോഗത്തില്‍ തീരുമാനിച്ചു. സീറ്റ്​ വിഭജനത്തിനുശേഷം അതത്​ പാര്‍ട്ടികള്‍ സ്​ഥാനാര്‍ഥിയെ നിശ്ചയിക്കും. തുടർന്ന് പട്ടിക യു.ഡി.എഫ്​ ​ജില്ല നേതൃത്വത്തിന്​ കൈമാറും.

കോട്ടയത്ത്​ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യു.ഡി.എഫ്​ യോഗത്തിൽ എല്ലാ പാര്‍ട്ടികളുടെയും പട്ടിക ലഭിച്ചശേഷം ജില്ല നേതൃത്വം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താമെന്ന് തീരുമാനിച്ചു. പ്രഖ്യാപനത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ഥികള്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാവൂ എന്നും നേതൃത്വം നിർദ്ദേശിച്ചു.

അതത് പ്രാദേശിക കമ്മിറ്റികളില്‍ ചര്‍ച്ചചെയ്ത് പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് വിഭജനം തീരുമാനിക്കും. തര്‍ക്കമുണ്ടായെങ്കില്‍ മാത്രമേ വിഷയത്തില്‍ ജില്ല ഘടകം ഇടപെടുകയുള്ളൂ.

12 -10 – 2020 ന്​ മുമ്പ് ജില്ല പഞ്ചായത്തിലെ സ്​ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും നിശ്ചയിച്ചു. വിജയസാധ്യത പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്ന്​ യോഗം ഉദ്​ഘാടനം ചെയ്​ത ഉമ്മൻ ചാണ്ടി നിര്‍ദേശിച്ചു. മോന്‍സ്​ ജോസഫ്​ എം.എല്‍.എ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസന്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍, കെ.സി. ജോസഫ്​, ഘടകകക്ഷി നേതാക്കളായ പി.എം. സലീം, ജോഷി ഫിലിപ്​, ജോയി എബ്രഹാം, ഇ.ജെ. അഗ്​സതി, അസീസ്​ ബഡായില്‍, അഡ്വ. പി.എസ്​. ജയിംസ്​, വി.കെ. ഭാസി, പി.സി. അരുണ്‍, ടോമി കല്ലാനി, പി.ആര്‍. സോന, ലതിക സുഭാഷ്​, ഫിലിപ്​ ജോസഫ്​, സജി മഞ്ഞക്കടമ്പില്‍, പ്രിന്‍സ്​ ലൂക്കോസ്​ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം