തന്റെ ജീവൻ അപകടത്തിലാണെന്ന് അർണബ് ഗോസ്വാമി

മുംബൈ: തന്റെ ജീവൻ അപകടത്തിലാണെന്ന് അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമി. അഭിഭാഷകനെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അർണബ് ഞായറാഴ്ച പൊലീസ് വാഹനത്തിനകത്തു നിന്നും മാധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞു. തലോജ ജയിലിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു പൊലീസ് വാഹനത്തിനകത്തു നിന്നും അർണബ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.

“എന്റെ ജീവൻ അപകടത്തിലാണ്. അഭിഭാഷകരുമായി സംസാരിക്കാൻ പോലും എനിക്ക് അനുവാദമില്ല. ഇന്ന് രാവിലെ എന്റെ അഭിഭാഷകനോട് സംസാരിക്കാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അവർ എന്നെ ആക്രമിച്ചു. രാവിലെ 6 മണിക്ക് എന്നെ ഉണർത്തി, ദയവായി രാജ്യത്തെ ജനങ്ങളോട് എന്റെ ജീവൻ അപകടത്തിലാണെന്ന് പറയുക,” അർണബ് പറഞ്ഞു.

അലിബാഗിൽ ജയിലിലാക്കപ്പെട്ടവര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രത്തിൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലാണ് അർണബിനെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. 2018 ന് ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് 04/11/20 ബുധനാഴ്ച രാവിലെ അർണബ് ഗോസ്വാമിയെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

അതേ സമയം അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ ബിജെപി നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല്‍ സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്.

രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇതു മറികടന്നതിനാണ് മിശ്രയും തജീന്ദര്‍ പാലും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെന്ന് പൊലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം