തിരുവനന്തപുരം: ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്‍എക്കെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമറുദ്ദീനെതിരെ ജലീല്‍ പ്രതികരിച്ചത്. പടച്ചവന് വലിയവനാണ് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് മാത്രമായിരുന്നു പച്ച പാശ്ചാത്തലത്തിലുളള മന്ത്രിയുടെ കുറിപ്പ്.
സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ ജലീലിനെതിരെ നേതാക്കള്‍ അക്രമണം തുടരുന്നതിനിടെയാണ് കമറുദ്ദീന്റെ അറസ്റ്റ് .കാസര്‍കോട് എസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മഞ്ചേശ്വരം എംഎല്‍എ കമറൂദീനെ അറസ്റ്റ് ചെയ്തത്. 115ഓളം കേസുകളില്‍ കമറുദ്ദീന് പ്രതിയാണ്. എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്.
കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും ഒരു പൊതു പ്രവര്ത്തകന് വേണ്ട ജാഗ്രത കമറുദ്ദീന് കാണിച്ചില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം തന്റെ അറസ്റ്റ് സര്‍ക്കാര്‍ ഗൂഡാലോചനയാണെന്നും ഇതുകൊണ്ട് തന്നെ തകര്‍ക്കാനാവില്ലെന്നും കമറുദ്ദീന് പ്രതികരിച്ചു.
ഇതിനിടെ കോണ്‍സുലേറ്റ് വഴിവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തകേസില്‍ മന്ത്രി കെടി ജലീലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്കി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് മന്ത്രി ഹാജരാവേണ്ടത്. മന്ത്രിയുടെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

