ഇസ്ലാമാബാദ്: തങ്ങളുടെ പ്രദേശത്ത് പാകിസ്ഥാന്റെ ഇടപെടൽ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗിൽഗിത്-ബാൾട്ടിസ്ഥാൻ നിവാസികൾ പ്രഖ്യാപിച്ചു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും പാക്-അധിനിവേശ കശ്മീർ മന്ത്രി അലി അമിൻ ഗുണ്ടാപുരിയുടെയും സന്ദർശനത്തിനിടെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ നിവാസികൾ അവരെ വളഞ്ഞു വച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.
ഗിൽഗിത്-ബാൾട്ടിസ്ഥാന്റെ നില മാറ്റാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടും നവംബർ ഒന്നിന് ഇമ്രാൻ ഖാൻ ഗിൽഗിത്-ബാൾട്ടിസ്ഥാന് താൽക്കാലിക-പ്രവിശ്യാ പദവി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തെത്തുടർന്നാണ് പ്രദേശത്ത് പ്രതിഷേധം ശക്തമായത്. നിലവിൽ ഇവിടം സ്വയംഭരണാവകാശമുള്ള ഒരു മേഖലയാണ്.
മേഖലയിലെ വിഭവങ്ങൾ പാക്കിസ്ഥാൻ ആസൂത്രിതമായി ചൂഷണം ചെയ്യുകയാണെന്നും ലാഭവിഹിതം തദ്ദേശീയരുമായി പങ്കിടുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.

