തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻറ് റെയ്ഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 05-11-2020, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് കോവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി സംബന്ധിച്ച അന്വേഷണമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തുന്നത്. അതുമായി ബന്ധപ്പെട്ടിട്ടുള്ള സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസിയെ കയ്യിൽ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ കരുതി പ്രതികരിക്കാൻ കഴിയില്ല. റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമായി നടന്നതാണ്. റേയ്ഡിനിടെ നിയമവിരുദ്ധ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് നേരിടാൻ നിയമമുണ്ട്. കുടുംബം നിയമപരമായി നേരിട്ടു കൊള്ളും. അക്കാര്യത്തിൽ ഒന്നും പറയാനാവില്ല.
ലൈഫ് മിഷൻ പദ്ധതി ഇടതു സർക്കാരിൻറെ നയപരമായി പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണ്. ഇതിനെക്കുറിച്ച് നിയമസഭയിൽ പലതവണ ഗവർണർ തന്നെ പരാമർശിച്ചിട്ടുണ്ട്. നിയമസഭയുടെ അവകാശത്തിന്റെ പരിധിയിൽ പെടും. അതുകൊണ്ടായിരിക്കണം ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിൽ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.