പൊതുമേഖലാ ബാങ്കുകള്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ പ്രതിമാസം ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ നടത്തുന്ന ക്യാഷ് ഡെപ്പോസിറ്റ് പിന്‍വലിക്കല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്ക് ഓഫ് ബറോഡ ഇത്തരത്തിലെടുത്ത തീരുമാനം പിന്‍വലിച്ചിട്ടുണ്ടെന്നും മറ്റൊരു പൊതുമേഖലാ ബാങ്കും അടുത്തിടെ ഇത്തരം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അവരുടെ സേവനങ്ങള്‍ക്കായി ന്യായമായ തരത്തില്‍, സുതാര്യവും വിവേചനരഹിതവുമായ രീതിയില്‍ ചാര്‍ജ് ഈടാക്കാന്‍ അനുമതിയുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളും, കോവിഡിന്റെ പശ്ചാത്തലത്തില്‍ സമീപഭാവിയില്‍ ബാങ്ക് ചാര്‍ജുകള്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്- മന്ത്രാലയം പറയുന്നു.

പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുള്ള പുതിയ ചാര്‍ജുകള്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് പിന്‍വലിക്കാന്‍ ബാങ്ക് ഓഫ് ബറോഡ തീരുമാനിക്കുകയായിരുന്നു. നവംബര്‍ ഒന്നുമുതലായിരുന്നു അടിസ്ഥാന സേവനങ്ങള്‍ക്ക് പുതിയ ചാര്‍ജ് ഈടാക്കുന്നത് പ്രാബല്യത്തില്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകള്‍ക്ക് സെപ്തംബര്‍ 29നാണ് അയച്ചത്. നിലവിലെ കോവിഡ് 19 സാഹചര്യവും അത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും പരിഗണിച്ച് മുന്‍ സര്‍ക്കുലറും അതിന്മേലുള്ള നടപടികളും പെട്ടെന്ന് തന്നെ പിന്‍വലിക്കുകയാണെന്നും ബാങ്ക് അവരുടെ പുതിയ സര്‍ക്കുലറില്‍ അറിയിച്ചു.

ജന്‍ ധന്‍ അക്കൗണ്ടുകളടക്കമുള്ള അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് (ബിഎസ്ബിഡി) പുതിയ ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കിയതിന് പിറകേയാണ് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ അക്കൗണ്ടുകളില്‍ ഈ ചാര്‍ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയത്. ”സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍: ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കിലും നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഓരോ മാസത്തെയും സൗജന്യ പിന്‍വലിക്കലുകളുടെയും ഡെപ്പോസിറ്റുകളുടെയും കാര്യത്തില്‍ ബാങ്ക് ഓഫ് ബറോഡ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു” ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →