ടി.ആർ.പി റേറ്റിംഗ് കൂട്ടുന്നതിന് റിബ്ലിക് ടിവി പ്രതിമാസം 15 ലക്ഷം രൂപ നൽകിയെന്ന് ക്രൈംബ്രാഞ്ച്

മുംബൈ: ടിആര്‍പി റേറ്റിങ്ങ് തട്ടിപ്പ് കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് നിർണായക വെളിപ്പെടുത്തൽ നടത്തി.

റിബ്ലിക് ടിവി പ്രതിമാസം 15 ലക്ഷം രൂപ ടിആര്‍പി റേറ്റിങ്ങ് കൂട്ടുന്നതിന് ബാരോമീറ്റര്‍ ഘടിപ്പിച്ച വീടുകളില്‍ വിതരണം ചെയ്യാനായി തൻ്റെ കൈവശം നൽകിയിരുന്നതായി താനെയിലെ കേബിള്‍ ഓപ്പറേറ്റര്‍ കുറ്റസമ്മതം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.

താനെയിലെ ക്രിസ്റ്റല്‍ ബ്രോഡ്കാസ്റ്റിന്റെ ഉടമസ്ഥനായ കേബിള്‍ ഓപ്പറേറ്റര്‍ ആശിഷ് ചൗധരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ക്കറ്റിങ് കമ്പനിയായ മാക്സ് മീഡിയോ നടത്തുന്ന അഭിഷേക് കൊലവാഡെയെ ചോദ്യം ചെയ്തപ്പോഴാണ് ചൗധരിയെ കുറിച്ചുളള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. ഹവാല ഇടപാടുകളില്‍ നിന്ന് തനിക്ക് പണം ലഭിച്ചിരുന്നതായി ചൗധരി സമ്മതിച്ചുവെന്നും മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും അപേക്ഷയില്‍ ക്രൈംബ്രാഞ്ച് വിശദീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28നാണു ആശിഷ് ചൗധരിയെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം