ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹീദിന്റെ തലവനും 31കാരനുമായ സൈഫുള്ള മിറിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലിസ്. സൈഫുളളയുടെ സഹായിയെഅറസ്റ്റ് ചെയ്തു. ശ്രീനഗറിലെ രംഗ്രെത്തില്‍ ഞായറാഴ്ച(1-1-2020)രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒന്നാം നമ്പര്‍ കമാന്‍ഡറായിരുന്ന ഡോ. സൈഫുള്ളയെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നും ഇത് തീവ്രവാദത്തിനെതിരായ വിജയമാണെന്നും ഏറ്റുമുട്ടലിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് ജനറല്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു.
2014 ഒക്ടോബര്‍ മുതല്‍ സൈഫുള്ള സജീവമായിരുന്നുവെന്നും ബുര്‍ഹാന്‍ വാനിയുമായി വളരെക്കാലം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ സേന രണ്ടു ദിവസമായി സൈഫുള്ളയുടെ മുന്നേറ്റം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് മാസത്തില്‍ റിയാസ് നായിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്. സമീപകാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുള്ളയെ സുരക്ഷാസേനകള്‍ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

