ദോഹ: ഖത്തറിന്റെ വിഖ്യാത റാലി താരം ശൈഖ് ഹമദ് ബിൻ ഈദ് ആൽ ഥാനി അന്തരിച്ചു. ശനിയാഴ്ച ദുഖാനിൽ നടക്കുന്ന ‘ഖത്തർ നാഷണൽ ബജ’ യിൽ പങ്കെടുക്കുന്നതിനിടെ തളർച്ച ബാധിച്ച് മരണപ്പെടുകയായിരുന്നു.
തുടർന്ന് പരിപാടിയിൽ പങ്കെടുത്തിരുന്ന അദ്ദേഹം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പിൻമാറിയെന്ന് ഖത്തർ മോട്ടോർസൈക്കിൾ ഫെഡറേഷൻ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ശേഷം അദ്ദേഹം മെയിന്റനൻസ് ഏരിയയിൽ സുഹൃത്തുമൊന്നിച്ച് സ്വകാര്യ കാറിൽ മത്സരം കാണുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. സംഘാടകരും മെഡിക്കൽ സംഘവും എത്തി.
ഉടൻതന്നെ സംഘാടകരെ വിവരമറിയിക്കുകയും മെഡിക്കൽ സംഘമെത്തി പരിശോധന നടത്തുകയും ചെയ്തു. ദുഖാനിലെ ക്യൂബൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇക്കാര്യം ക്യു.എം.എം.എഫ് ഔദ്യോഗികമായി അറിയിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിരവധി കിരീടങ്ങൾ നേടിയ ഖത്തറിലെ ഏറ്റവും അറിയപ്പെടുന്ന റാലി ഡ്രൈവർമാരിലൊരാളായിരുന്നു ശൈഖ് ഹമദ്. ടി2 വിഭാഗത്തിൽ സഹാറ റാലി ചാമ്പ്യൻഷിപ് ക്രോസ് കൺട്രി ലോകകപ്പ് ജേതാവ് കൂടിയാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിനും മോട്ടോർസ്പോർട്ട്സ് പ്രേമികൾക്കും ഫെഡറേഷൻ അനുശോചനം അറിയിച്ചു. നിര്യാണത്തിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനി അനുശോചിച്ചു

