സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സമരപരിപാടിയിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്.

അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പരാമര്‍ശം നടത്തി. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

എന്നാൽ പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി മുല്ലപ്പള്ളി രംഗത്തെത്തി. താന്‍ പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനും മന്ത്രി കെ. കെ. ശൈലജയും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും രംഗത്തു വന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ നിയമനടപടിക്കുള്‍പ്പെടെ പോകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമുണ്ടായതെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. “നമുക്കറിയാം മനുഷ്യസമൂഹത്തിലെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് ബലാത്സംഗം. സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസ്സിനെ ആക്രമിക്കുക ഇതെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും മറ്റേതൊരു കുറ്റകൃത്യത്തേക്കാളും നീചമായ അക്രമം നടത്തിയയാളെ ശിക്ഷിക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവിടെ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുന്നു.
എങ്ങനെയാണ് അത് പറയാന്‍ സാധിക്കുന്നത്. “ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല, അത് സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണ്. ഇതിനെ എതിര്‍ക്കുന്നവരാണ് ഇവിടെയുള്ള സ്ത്രീകളും പുരുഷന്മാരും സമൂഹവും “
കെ. കെ. ശൈലജ കൂട്ടിച്ചേർത്തു.

വാക്കുകള്‍ ശ്രദ്ധിച്ചു തന്നെ ഉപയോഗപ്പെടുത്തണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

“ഒരു കാരണവശാലും അത്തരം വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കില്‍കൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും വാക്കും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല, എന്നതാണ് എന്റെ പക്ഷം. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം